കാസര്‍ഗോഡ്: വേനല്‍ച്ചൂടില്‍ കടലും തീരദേശമേഖലയും വറുതിയിലേക്കു മാറുന്നു. മത്സ്യത്തൊഴിലാളികള്‍ ഇത്രയേറെ വറുതിയിലും പ്രതിസന്ധിയിലുമായ കാലം അടുത്തൊന്നുമുണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷവും ട്രോളിംഗ് നിരോധനവുമൊക്കെ കഴിഞ്ഞ് കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയിലാണ്.
മത്സ്യലഭ്യതയുടെ കുറവ്, കടലേറ്റം, അസഹ്യമായ ചൂടില്‍ മത്സ്യ സമ്പത്തിന് നേരിട്ട ഭീഷണി കൂടിയാകുമ്പോള്‍ ഈ വര്‍ഷം കടലോരവാസികള്‍ വറുതിയിലാണ്. മത്സ്യബന്ധനം അന്യമായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കടലില്‍ ചൂട് വര്‍ധിച്ചതോടെയാണ് തീരപ്രദേശത്ത് നിന്ന് ആഴക്കടലിലേക്ക് മത്സ്യങ്ങള്‍ നീങ്ങിയതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇതോടെ വള്ളങ്ങളിലൂടെ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരുടെ കാര്യമാണ് കൂടുതല്‍ പ്രയാസത്തിലായത്. ബോട്ടുകളിലും എന്ജിന് ഘടിപ്പിച്ച വള്ളങ്ങളിലും പോകുന്ന തൊഴിലാളികളും മത്സ്യ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കടലിലേക്ക് പോകാത്ത സ്ഥിതിയിലാണ്.
മീന്‍ ചാകര ലഭിക്കേണ്ട സമയത്ത് പോലും അയലയും മത്തിയും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഷ്ടപ്പെട്ട് പോയാല്‍ തന്നെ ഇന്ധന ചെലവുകള്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്.
മത്സ്യസമ്പത്ത് കുറഞ്ഞത് ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മാസം കഴിഞ്ഞാല്‍ വീണ്ടും കാലവര്‍ഷമെത്തും. ഒപ്പം ട്രോളിംഗ് നിരോധനവും. വറുതിയില്‍ നിന്നു മോചനം ഇല്ലാതെയും ലക്ഷങ്ങള്‍ വായ്പയെടുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരും എന്തു ചെയ്യണമെന്നറിയാതെ കണ്ണീര്‍വാര്‍ക്കുകയാണ്.